രാജ്യത്തുടനീളമുള്ള ദീർഘദൂര ട്രെയിനുകളിൽ വെയ്റ്റ് ലിസ്റ്റ് (WL) ടിക്കറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തി റെയിൽവേ ബോർഡ്. SL, 3AC, 2AC, 1AC എന്നീ ഓരോ ക്ലാസ് കോച്ചിനും ക്വോട്ട 25% ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. തത്കാൽ സ്കീം പ്രകാരം ബുക്ക് ചെയ്ത ടിക്കറ്റുകൾക്കും വിദൂര സ്ഥലങ്ങളിൽ നിന്നുള്ള വെയിറ്റ് ലിസ്റ്റ് ടിക്കറ്റുകൾ നൽകുന്നതിനും ഇത് ബാധകമാകും. ജൂൺ 16 മുതൽ പുതിയരീതി പ്രാബല്യത്തിൽ വരും. ബെര്‍ത്ത് ലഭിക്കുമോ എന്ന ഉറപ്പില്ലാതെ ചാര്‍ട്ട് വരുന്നതുവരെ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാനാണ് പുതിയ പരിഷ്കാരം.
ഇതുവരെ റെയിൽവേ സോണുകൾക്കിടയിൽ വെയിറ്റ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം വ്യത്യാസപ്പെട്ടിരുന്നു. മധ്യ, പശ്ചിമ റെയിൽവേകളിൽ, ട്രെയിനുകളിൽ ലഭ്യമായ മൊത്തം സീറ്റുകളിൽ 20-40% വെയിറ്റ് ലിസ്റ്റ് ടിക്കറ്റുകളായിരുന്നു. ചിലപ്പോൾ, ഒരു ട്രെയിനിൽ അവയുടെ എണ്ണം 500-700 വരെ ഉയരുമായിരുന്നു. അതേസമയം, ജനറല്‍ ക്വാട്ടയില്‍ നല്‍കുന്ന വെയ്റ്റ് ലിസ്റ്റ് ടിക്കറ്റുകളില്‍ 20 മുതല്‍ 25 ശതമാനത്തിന് ചാര്‍ട്ട് വരുമ്പോള്‍ തന്നെ ബെര്‍ത്ത് ലഭിക്കാറുണ്ട്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ജനറല്‍ ക്വോട്ടയില്‍ വെയിറ്റ് ലിസ്റ്റ് ടിക്കറ്റ് ലഭിച്ചാല്‍ ബര്‍ത്ത് ഏതാണ്ട് ഉറപ്പിക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം പുതിയ ക്വാട്ട റെയില്‍വേയുടെ വരുമാനത്തിൽ ചെലുത്തുന്ന സ്വാധീനം എത്രത്തോളമായിരിക്കും എന്ന് വിലയിരുത്തിയിട്ടില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. 2024-25 ൽ ടിക്കറ്റ് വിൽപ്പനയിൽ നിന്ന് ₹ 75,500 കോടിയാണ് ഇന്ത്യന്‍ റെയില്‍വേ സമ്പാദിച്ചത്.
വെയ്റ്റ് ലിസ്റ്റ് യാത്രക്കാർ സ്ഥിരീകരിക്കാത്ത ടിക്കറ്റുകളുമായി യാത്ര ചെയ്യുമെന്നത് പല തരത്തിലുള്ള ഇത് കുഴപ്പങ്ങൾക്ക് കാരണമായിരുന്നു, ഇത് ദീർഘദൂര ട്രെയിനുകളിൽ വഴക്കുകളിലേക്കും നീങ്ങാറുണ്ട്. പുതിയ ക്വാട്ട ഇത് പരിഹരിക്കാന്‍ സഹായിക്കും. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിനും (ആർപിഎഫ്) ഇത് കുറച്ച് ആശ്വാസം നൽകും. പ്ലാറ്റ്ഫോമിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും.
വെയിറ്റ് ലിസ്റ്റ് ക്വോട്ട ഇങ്ങനെ…

ഒരു 3AC കോച്ചിൽ 64-83 ബെർത്തുകൾ ഉണ്ടെങ്കിൽ ഈ കോച്ചിലേക്കുള്ള ബുക്കിംഗ് പൂർത്തിയായ ശേഷം 25% ടിക്കറ്റുകൾ WL യാത്രക്കാർക്കായി നീക്കിവയ്ക്കും. തത്കാൽ ടിക്കറ്റ് ബുക്കിംഗിന് മുൻഗണന നൽകും. അതിനുശേഷം ജനറൽ ടിക്കറ്റ് ബുക്കിംഗ് നടക്കും. കൂടാതെ, ശാരീരിക വെല്ലുവിളി നേരിടുന്നവർ, സ്ത്രീകൾ തുടങ്ങിയ കൺസഷൻ വിഭാഗങ്ങളിൽ അപേക്ഷിക്കുന്ന യാത്രക്കാരെ 25% ക്വാട്ടയിൽ ഉൾപ്പെടുത്തില്ല.