- 2,99,200 രൂപയാണ് ഇതുവരെയുള്ള വരുമാനം
മൂന്നാർ | വിനോദ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിൽ കെ എസ് ആർ ടി സി ആരംഭിച്ച റോയൽവ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ് ഹിറ്റാകുന്നു. സർവീസ് ആരംഭിച്ച് പത്ത് ദിവസത്തിനുള്ളിൽ 869 പേരാണ് ബസിൽ യാത്ര ചെയ്തത്. 2,99,200 രൂപയാണ് ഇതുവരെയുള്ള വരുമാനം.
യാത്രക്കാർക്ക് പുറം കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പൂർണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജമാക്കിയിട്ടുള്ളത്. താഴത്തെ തട്ടിൽ 12 ഇരിപ്പിടമുണ്ട്. മുകളിൽ 38 പേർക്ക് ഇരിക്കാം. ഒരു ട്രിപ്പിൽ പരമാവധി 50 പേർക്ക് യാത്ര ചെയ്യാം. ലോവർ സീറ്റ് യാത്രയ്ക്ക് 200 രൂപയും അപ്പർ സീറ്റിന് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ദിവസവും മൂന്ന് ട്രിപ്പുകളാണുള്ളത്. രാവിലെ ഒൻപതിന് മൂന്നാർ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് ആരംഭിച്ച് വിവിധ വ്യൂ പോയിൻ്റുകൾ സന്ദർശിച്ച് ഗ്യാപ്പ് റോഡിലൂടെ ആനയിറങ്കൽ വഴി ഉച്ചയ്ക്ക് 12ന് തിരിച്ചെത്തും. തുടർന്ന് 12.30-ന് പുറപ്പെട്ട് 3.30ന് തിരിച്ചെത്തും. അവസാനത്തെ ട്രിപ്പ് വൈകീട്ട് നാലിന് ആരംഭിച്ച് രാത്രി ഏഴിന് തിരികെ എത്തുന്നതാണ്. മൂന്ന് മണിക്കൂറാണ് ഓരോ ട്രിപ്പിൻ്റെയും സമയദൈർഘ്യം.
മൂന്നാർ ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ലോക്ക്ഹാർട്ട് വ്യൂ പോയിൻ്റ്, റോക്ക് കേവ്, പെരിയകനാൽ വെള്ളച്ചാട്ടം, ആനയിറങ്കൽ ഡാം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും.
കെ എസ് ആർ ടി സിയുടെ ഔദ്യോഗിക മൊബൈൽ ആപ്പിലും onlineksrtcswift.com ലും ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ട്രിപ്പ് ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് നേരിട്ടെത്തിയും ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമുണ്ട്. വിദേശ വിനോദ സഞ്ചാരികളാണ് ഡബിൾ ഡെക്കർ യാത്ര കൂടുതലും പ്രയോജനപ്പെടുത്തുന്നത്. വേനലവധി ആകുന്നതോടെ തദ്ദേശീയരുടെ എണ്ണം വർധിക്കുമെന്ന പ്രതീക്ഷയിലാണ് കെ എസ് ആർ ടി സി