Post Date: 21-02-2026
ബെംഗളൂരു: ബന്ദിപ്പുർ, നാഗർഹോളെ വന്യജീവി സങ്കേതങ്ങളിലൂടെയുള്ള സഫാരി പുനരാരംഭിക്കുന്നത് സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകും. മധ്യവേനൽ അവധി അടുത്തുവരുന്ന സമയത്ത് തന്നെ സഫാരി അനുവദിച്ചത് ഏറെ ഗുണകരമാകും. സഫാരി വീണ്ടും ആരംഭിക്കണമെന്ന് വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർ ആവർത്തിച്ച് ആവശ്യപ്പെട്ടതിന്റെ ഫലമാണ് സർക്കാരിന്റെ മനംമാറ്റം.
ഇക്കോ-ടൂറിസം റിസോർട്ട്സ് അസോസിയേഷൻ, മൈസൂരു ട്രാവൽ അസോസിയേഷൻ, ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ എന്നിവർ സർക്കാരിന് നിവേദനം നൽകിയിരുന്നു. കേരളത്തിൽനിന്ന് ഒട്ടേറെ സന്ദർശകർ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് രണ്ട് വന്യജീവിങ്കേതങ്ങളും. മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് അനിശ്ചിത കാലത്തേക്ക് സഫാരി നിർത്തിവെച്ചത്.
മേഖലയിൽ അടുപ്പിച്ച് കടുവകളുടെ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു സഫാരി നിർത്താൻ നവംബറിൽ വനംവകുപ്പിന്റെ പെട്ടെന്നുള്ള തീരുമാനം. സഫാരി വാഹനങ്ങൾ കടുവകളെ കാട്ടിൽനിന്ന് അകറ്റുന്നുവെന്നും ഇവ മനുഷ്യവാസ മേഖകളിലേക്ക് കടന്നുകയറുന്നു എന്നുമായിരുന്നു വിലയിരുത്തൽ.
എന്നാൽ ഇത് തെറ്റാണെന്ന് വിവിധ സംഘടനകൾ ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ ശാസ്ത്രീയ പഠനം നടത്തണമെന്ന് ആവശ്യവും ഉയർന്നിരുന്നു. തുടർന്നാണ് പ്രത്യേക സമിതിയെ നിയോഗിച്ചത്. മൂന്നുമാസം സഫാരി നിലച്ചത് വലിയ നഷ്ടമാണ് വിനോദ സഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്നവർക്കുണ്ടാക്കിയത്. ക്രിസ്മസ്-പുതുവത്സരകാലത്ത് വൻതോതിൽ സന്ദർശകർ എത്തുന്ന സമയത്ത് സഫാരിയുണ്ടായിരുന്നില്ല