കോഴിക്കോട് പച്ചപുതച്ചുകിടക്കുന്ന പശ്ചിമഘട്ടമലനിരകൾ, ഉരുളൻ പാറക്കെട്ടുകളിലൂടെ നുരഞ്ഞു പതഞ്ഞുവരുന്ന കാട്ടുചോല, ശില്പഭംഗിയാർന്ന പാറക്കൂട്ടങ്ങൾ, സദാസമയവും തണുപ്പും ഇളംകാറ്റും. നിത്യജീവിതത്തിന്റെ ബഹളങ്ങളിൽനിന്നെല്ലാകന്ന് പ്രകൃതിയുമായി ലയിച്ചുചേരാനൊരിടം. അതാണ് കോഴിക്കോട് ജില്ലയിലെ ഉറുമി. കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമം ജനകീയ ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ചിട്ടുണ്ട്. പക്ഷേ, പതിറ്റാണ്ടുകളായെങ്കിലും വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിച്ചിട്ടില്ല.
22 വർഷംമുൻപ് പൊയിലിങ്ങാപ്പുഴയിൽ സംസ്ഥാന വൈദ്യുതിബോർഡിന്റെ രണ്ട് ചെറുകിട ജലവൈദ്യുത പദ്ധതികൾ തുടങ്ങിയതോടെയാണ് ഉറുമി കൂടുതൽ ജനകീയമാകുന്നത്.മുൻപ് ഉറുമി കയാക്കിങ് മത്സര വേദിയായിരുന്നിട്ടുണ്ട്. കോടമഞ്ഞും പുൽമേടുകളും പശ്ചിമഘട്ട മലനിരകളുമെല്ലാം വയനാട് യാത്രയുടെ പ്രതീതി ജനിപ്പിക്കുന്നതാണ്.
പൂവാറൻതോടിന്റെ താഴ്‌വാരത്തിലാണ് ഉറുമി വെള്ളച്ചാട്ടം. പൂവാറൻതോടിലേക്ക് വരുന്ന വഴിയിലെ ആദ്യകാഴ്ചയായ ഉറുമി ഡാമും ഡാമിനോട് ചേർന്നുള്ള ചെറു വെള്ളച്ചാട്ടങ്ങളും ഏവരുടെയും മനംകവരുന്നതാണ്. ജില്ലയിൽത്തന്നെ ഏറ്റവും കൂടുതൽ ജാതിക്കൃഷിയുള്ള ഭൂപ്രദേശംകൂടിയാണ് പൂവാറൻതോട്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി). ഏറ്റെടുക്കാത്തതിനാൽ പതങ്കയത്തും ഉറുമിയിലും നിയന്ത്രണങ്ങൾ നിലവിലില്ല. ഇത് സ്ഥിരമായി ദുരന്തങ്ങളിലേക്കും വഴിവെക്കുന്നു. ആഴം തിട്ടപ്പെടുത്താൻ കഴിയാത്ത കിണർ ആകൃതിയിൽ രണ്ടു വൻകയങ്ങളുണ്ടിവിടെ. ആഴമേറിയ ചുഴികൾ ഭീഷണിയാണ്.
തെളിഞ്ഞ വേനലിലും മലയിലെ വൃഷ്ടിപ്രദേശങ്ങളിൽ മഴപെയ്യാറുണ്ട്. അപ്രതീക്ഷിതമായെത്തുന്ന മലവെള്ളപ്പാച്ചിൽ സഞ്ചാരികൾക്ക് ഭീഷണിയാണ്. സുരക്ഷാജീവനക്കാരാരും ഇവിടെയില്ല.
ഡി.ടി.പി.സി. ഏറ്റെടുക്കണം
ഉറുമിയെ വിനോദസഞ്ചാരഭൂപടത്തിൽ ഉൾപ്പെടുത്തുന്നതിനായി സർക്കാർതലത്തിൽ പദ്ധതികളാവിഷ്‌കരിക്കണം. മലവെള്ളപ്പാച്ചിലുണ്ടാകാറുള്ള പുഴയാണിത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഏറ്റെടുത്ത് സുരക്ഷിത വിനോദസഞ്ചാരകേന്ദ്രമാക്കിമാറ്റണം. ലൈഫ് ഗാർഡുമാരെയും സെക്യൂരിറ്റിഗാർഡുമാരെയും നിയമിക്കാൻ സർക്കാർതലത്തിൽ പദ്ധതികളാവിഷ്‌കരിക്കണമെന്നും ജനകീയ സമിതി ആവശ്യപ്പെട്ടു.