അവധിക്കാലം വിരുന്നെത്തിയെങ്കിലും ചുട്ടുപൊള്ളുന്ന വെയിലിൽ എവിടേക്ക് പോകുമെന്ന ആശങ്കയിലാണ് പലരും. കേരളത്തിന്റെ സ്വിറ്റ്സർലൻഡായ മൂന്നാറും വാഗമണ്ണിലെ മൊട്ടക്കുന്നുകളും വേനലിന്റെ പിടിയിലായിക്കഴിഞ്ഞു. ഇനി ഇവിടേക്ക് യാത്ര പോകണമെങ്കിൽ ജൂൺ മാസമാകണം. പക്ഷേ, നിരാശപ്പെടേണ്ട. കാഴ്ചകളും തണുപ്പും കാറ്റുമായി ഇടുക്കി കാത്തിരിക്കുകയാണ്. വേനൽക്കാലത്തും സന്ദർശിക്കാൻ കഴിയുന്ന ഇടങ്ങളെപ്പറ്റി അറിയാം…
ഏത് വേനലിലും ഇടതടവില്ലാതെ കാറ്റ് വീശുന്ന സ്ഥലം
ഏത് വേനലിലും ഇടതടവില്ലാതെ കാറ്റ് വീശുന്ന ഇടമുണ്ട്. കുന്നു കയറിച്ചെന്നാൽ കണ്ണെത്താദുരം പരന്നുകിടക്കുന്ന കാഴ്ചകളൊരുക്കുന്ന, കുറവനും കുറത്തിയും മലമുകളിൽ വിശ്രമിക്കുന്ന, കാറ്റാടി പാടങ്ങളുടെ രാമക്കൽമേട്. വേനലിലും സഞ്ചാരികൾക്ക് കുളിരേകുന്ന ഇടം. തേക്കടി- മൂന്നാർ റൂട്ടിൽ നെടുങ്കണ്ടത്തുനിന്ന് 15 കിലോമീറ്റർ യാത്ര ചെയ്താൽ രാമക്കൽമേട്ടിലെത്താം. സമുദ്രനിരപ്പിൽനിന്ന് 1100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ നിലയ്ക്കാത്ത കാറ്റുണ്ട്. മണിക്കൂറിൽ 32.5 കിലോമീറ്റർ വേഗത്തിലാണ് ഇവിടെ സാധാരണ കാറ്റ് വീശുന്നത്. ഇത് ചിലപ്പോൾ നൂറ് കിലോമീറ്റർവരെയാകാം.
കാഴ്ചകളുണ്ട് കണ്ണെത്താദൂരം
ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ രാമക്കൽമേട് ടൂറിസം സെന്ററിൽ ഒട്ടേറെ കാഴ്ചകളുണ്ട്. പുൽമേടുകൾക്കിടയിലെ പാർക്കും കുറവൻ, കുറത്തി ശിൽപ്പവും മലമുഴക്കി വേഴാമ്പൽ വാച്ച് ടവറും കുട്ടികളുടെ പാർക്കും അങ്ങനെ ആസ്വദിക്കാൻ ഏറെയുണ്ട്… വീശിയടിക്കുന്ന കാറ്റിനൊപ്പം വിദൂര കാഴ്ചകളുമുണ്ടിവിടെ. കുറച്ച് സാഹസികത ആസ്വദിക്കുന്നവരാണെങ്കിൽ രാമക്കൽമേട്ടിലെ കുന്നിൻമുകളിൽ കയറി തമിഴ്നാടിന്റെ വിദൂര കാഴ്ച ആസ്വദിക്കാം. കിഴക്ക് ദർശനമായി നിൽക്കുന്ന പാറക്കെട്ടിന് മുകളിൽനിന്നാൽ താഴെ കമ്പത്തെ കൃഷിയിടങ്ങളും മുന്തിരിത്തോട്ടവും നീണ്ടുനിവർന്നുകിടക്കുന്ന പാതകളും മികച്ച കാഴ്ചയൊരുക്കും. വൈകീട്ടാണെങ്കിൽ താഴെ വിളക്കുകൾ തെളിയുന്ന കാഴ്ചയും വിസ്മയിപ്പിക്കുന്നതാണ്.
കാണാം, കാറ്റാടിപ്പാടങ്ങൾ
നല്ല കാറ്റ് വീശിയടിക്കുന്നതുകൊണ്ടുതന്നെ കാറ്റാടിപ്പാടങ്ങളും രാമക്കൽമേട്ടിലുണ്ട്. ഭീമാകാരൻമാരായ കാറ്റാടികൾ കാറ്റിൽ കറങ്ങുന്നതുതന്നെ കൗതുക കാഴ്ചയാണ്. കുട്ടികളെ ഊർജ സ്രോതസ്സുകളെപ്പറ്റി പഠിപ്പിച്ചു കൊടുക്കാനുമാകും. കുരുവിക്കാനം കാറ്റാടിപ്പാടം, ആമപ്പാറ ഓഫ് റോഡ് സവാരി എന്നിവയ്ക്ക് ശേഷം താഴെ കമ്പത്തെത്തി മുന്തിരിത്തോട്ടത്തിലെ കാഴ്ചകളും ആസ്വദിക്കാം.
സന്ദർശന സമയം
പാർക്കിലെ സന്ദർശന സമയം-രാവിലെ 8.30 മുതൽ വൈകീട്ട് ഏഴുവരെ.
ശ്രദ്ധിക്കണേ
മാലിന്യമോ ഭക്ഷണ അവശിഷ്ടമോ ഉപേക്ഷിച്ചുപോകരുത്.
ഇടിമിന്നലേൽക്കാൻ സാധ്യതയുള്ളതിനാൽ കനത്ത മഴയുള്ള സമയങ്ങളിൽ കുന്നിൽ കയറാൻ ശ്രമിക്കരുത്.