കുളിരേറ്റ് പുൽമേടുകളിൽ രാപാർക്കാം; ജംഗിൾ ടെന്റടക്കം ഒരുക്കി വനം-വന്യജീവിവകുപ്പ്

Post Date: 29-04-2026

മറയൂർ: കേരളം കനത്ത ചൂടിൽ ഉരുകുമ്പോഴും കുളിരേറ്റ് പുൽമേടുകളിൽ രാപാർക്കാൻ സഞ്ചാരികളെ സ്വാഗതം ചെയ്ത് ഷോലാ ദേശീയോദ്യാനം. വട്ടവട പഞ്ചായത്തിൽ പഴത്തോട്ടത്തിലാണ് മൂന്നാർ വനംവന്യജീവിവകുപ്പ് പുൽമേടുകളിൽ ട്രീടോപ്പ് ലോഗ് ഹൗസും എ ഫ്രെയിം ലോഗ് ഹൗസും ജംഗിൾ ടെന്റും ഒരുക്കിയിരിക്കുന്നത്.

വാറ്റിൽ, ഗ്രാന്റീസ് മരങ്ങൾ പിഴുതുമാറ്റി പരിസ്ഥിതി പുനഃസ്ഥാപനത്തിലൂടെ പുൽമേടുകളാക്കിയ സ്ഥലത്താണ് ഇക്കോ ടൂറിസം പദ്ധതിയിലൂടെ പ്രകൃതിയെ തൊട്ടറിയുവാൻ സഞ്ചാരികൾക്ക് ഇവിടെ അവസരമൊരുക്കിയിരിക്കുന്നത്. 50 ഹെക്ടർ സ്ഥലമാണ് പുൽമേടുകളാക്കി മാറ്റിയത്. പഴത്തോട്ടം ഉൾപ്പെടുന്ന ദേശീയോദ്യാനത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനും മനസ്സിലാക്കാനും സ്വാഭാവിക വനങ്ങൾ പുനഃസ്ഥാപിക്കുന്നതിന്റെ നേട്ടങ്ങൾ നേരിട്ട് മനസ്സിലാക്കാനും കഴിയുന്നു. ബഫർ സോണിലെ പാതയിലൂടെയുള്ള ട്രെക്കിങ്, ലോഗ് ഹൗസ്, എ ഫ്രെയിം ലോഗ് ഹൗസ്, ജങ്കിൾ ടെന്റ് എന്നിവയിലുള്ള താമസസൗകര്യം, പക്ഷിനിരീക്ഷണം, കഫെറ്റീരിയ എല്ലാം വേറിട്ട കാഴ്ചകളും അനുഭവങ്ങളുമാണ്.

ലോഗ് ഹൗസ്

ഒരേസമയം മൂന്നുപേർക്ക് താമസിക്കാം. യൂക്കാലി, വാറ്റിൽ കമ്പുകളിൽ നിർമിച്ചതാണ് ലോഗ് ഹൗസ്. ബാൽക്കണിയും സിറ്റൗട്ടും ഒരുക്കിയിട്ടുണ്ട്. ബയോ ടോയ്ലെറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

എ ഫ്രെയിം ലോഗ് ക്യാബിൻ

മൂന്നുപേർക്ക് താമസിക്കാം. ഇതും മരത്തടികൾ കൊണ്ട് നിർമിച്ചതാണ്. ബയോ ടോയ്ലെറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

ജംഗിൾ ടെന്റ്

ഒരേ സമയം മൂന്നു പേർക്ക് താമസിക്കാവുന്ന വിധത്തിൽ രണ്ട് റൂമുകളുണ്ട്. അറ്റാച്ച്ഡ് ടോയ്ലെറ്റ് സൗകര്യം ഉണ്ട്.

ട്രെക്കിങ്ങിനൊപ്പം പക്ഷിനിരീക്ഷണവും

പഴത്തോട്ടം പുനഃസ്ഥാപന ക്യാമ്പ് ഷെഡ്ഡിൽനിന്നാരംഭിച്ച് ഇടിവര ഷോല വ്യൂ പോയിന്റ്, പഴത്തോട്ടം വ്യൂ പോയിന്റ് എന്നീ സ്ഥലങ്ങളിലൂടെ മൂന്നുകിലോമീറ്റർ നടക്കാനുള്ളതാണ് ട്രെക്കിങ്. നടത്തത്തിനിടെ ധാരാളം പക്ഷികളെ കാണാം.

നിരക്ക് അറിയാം

രാത്രി, പ്രഭാതഭക്ഷണം അടക്കം രണ്ടുപേർക്ക് 3000 രൂപയാണ് നിരക്ക്. അധികമുള്ള ആളുകൾക്ക് 1000 രൂപവീതം കൂടുതലായി നൽകണം. വിദേശികൾക്ക് 6000 രൂപയാണ് നിരക്ക്. ട്രെക്കിങ് നിരക്ക് ഒരാൾക്ക് 300 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *