ചിത്രദുർഗ്ഗ കർണാടകയുടെ ഏതാണ്ട് മധ്യഭാഗത്ത് കുറച്ച് കിഴക്ക് മാറി സ്ഥിതിചെയ്യുന്ന ജില്ല.
🔶പ്രശസ്തമായ കോട്ട
ചിത്രദുർഗ എന്ന പേര് ‘ചിത്രകൽദുർഗ’ ( ചിത്രം പോലെ മനോഹരമായ കോട്ട,) എന്ന വിശേഷിപ്പിക്കലിൽ നിന്നാണെന്ന് വായിച്ചിട്ടുണ്ട് ). ജില്ലയുടെ ആസ്ഥാനമായ ഈ നഗരത്തിനോട് ചേർന്നാണ് പ്രശസ്തമായ കോട്ട സ്ഥിതിചെയ്യുന്നത്. കണ്ടത്തിൽ വച്ച് ഏറ്റവും വലിയ കോട്ട.. ഇന്ത്യയിലെ തന്നെ വലിയ കോട്ടകളിൽ ഒന്ന്… അടുക്കി വച്ച് പണിതിരിക്കുന്ന കല്ലുകളുടെ വലിപ്പം അതിശയിപ്പിക്കും.. ആധുനിക കാലത്തെ ഉപകരണങ്ങൾ ഇല്ലാതെ മനുഷ്യാധ്വാനം കൊണ്ടും വിശേഷബുദ്ധി കൊണ്ടും നിർമ്മിച്ചുയർത്തിയ കോട്ടമതിലുകളും, ക്ഷേത്രങ്ങളും ഉയരം കൂടിയ ഒറ്റക്കൽ കൊടിമരങ്ങളും.. കുന്നുകളും പാറക്കെട്ടുകളും ഉള്ള സ്വാഭാവിക ഭൂമിയുടെ കിടപ്പിൽ മാറ്റം വരുത്താതെ ആ വലിയ പ്രദേശത്തെ (1500 ഏക്കറോളം) സംരക്ഷിത സ്ഥലവും ഭരണ സിരകേന്ദ്രവുമാക്കി പണിത്തെടുത്ത പൗരാണികർ.

പതിനൊന്നാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിൽ, ചാലുക്യരും ഹൊയ്‌സാലരും, പിന്നീട് വിജയനഗര സാമ്രാജ്യത്തിലെ ചിത്രദുർഗയിലെ പ്രധാനികളും ഉൾപ്പെടുന്ന രാജവംശ ഭരണാധികാരികളാണ് ഈ കോട്ട ഘട്ടം ഘട്ടമായി നിർമ്മിച്ചത്. 1779 ൽ ഹൈദർ അലി കുറച്ചു കാലത്തേക്ക് കോട്ട കയ്യടക്കി. ഇരുപത് വർഷത്തിന് ശേഷം ബ്രിട്ടീഷ് സൈന്യം ടിപ്പു സുൽത്താനെ പരാജയപ്പെടുത്തി കോട്ട പിടിച്ചെടുത്തു.
ഏഴ് കേന്ദ്രീകൃത മതിലുകളുടെ ഒരു പരമ്പരയിലാണ് കോട്ട നിർമ്മിച്ചിരിക്കുന്നത്, വിവിധ ഇടനാഴികൾ, ധാന്യങ്ങൾക്കും എണ്ണയ്ക്കുമുള്ള സംഭരണശാലകൾ, ജലസംഭരണികൾ, പുരാതന ക്ഷേത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കോട്ടയിലെ പരസ്പരം ബന്ധിപ്പിക്കുന്ന നിരവധി ടാങ്കുകൾ മഴവെള്ളം സംഭരിക്കാൻ ഉപയോഗിച്ചിരുന്നു, കൂടാതെ കോട്ടയ്ക്ക് ഒരിക്കലും ജലക്ഷാമം അനുഭവപ്പെട്ടിട്ടില്ലെന്ന് പറയപ്പെടുന്നു. ഈ കോട്ടയ്ക്കുള്ളിൽ ഇടയ്ക്കിടെ പോയി ഏകാന്തസമയം ചിലഴിക്കുന്നത് ശീലമാക്കിയിരുന്നു. കണ്ട് നടന്ന് തീർക്കണമെങ്കിൽ ഒരു പൂർണ്ണ ദിവസം മതിയാകില്ല. കോട്ട വിശേഷങ്ങൾ പേജുകണക്കിന് എഴുതാനുണ്ട്..പക്ഷേ ചുരുക്കുന്നു..100 കണക്കിന് ചിത്രങ്ങൾ പകർത്താൻ കഴിഞ്ഞിട്ടുണ്ട്.
🔶‘കോത്തിരാജ’ എന്ന ജ്യോതിരാജ്
“കോത്തി രാജ” എന്നാൽ ‘കുരങ്ങ് രാജാവ് ‘എന്നർത്ഥം ചിത്രദുർഗ കോട്ടയെ പറ്റി പറയുമ്പോൾ ജ്യോതിരാജ് എന്ന പ്രശസ്ത യുവാവിനെ പറ്റി പറയണം. സ്വതന്ത്രമായി, സുരക്ഷാ ഉപാധികളില്ലാതെ വൻ മതിലുകൾ, പാറക്കെട്ടുകൾ കയറുന്നതിലൂടെ പ്രശസ്തനായ സോളോ ക്ലൈമ്പർ….ജ്യോതി രാജിനെയാണ് “കോതി രാജ” (കുരങ്ങൻ രാജാവ്) എന്ന് വിളിക്കുന്നത്. തന്റെ സാഹസീക കഴിവുകൾ ഉപയോഗിച്ച് സന്ദർശകരെ രസിപ്പിക്കുന്ന പ്രകടനങ്ങൾ ഈ കോട്ടയിൽ മിക്ക ദിവസങ്ങളിലും ഉണ്ടായിരുന്നു. 50, 60 അടി ഉയരമുള്ള മതിൽ കെട്ടുകൾ നിമിഷ നേരത്തിൽ കീഴടക്കും, കയരുന്നതിനിടയിൽ ചില കൈവിട്ട അഭ്യാസങ്ങൾ കാട്ടുമ്പോൾ കാണുന്നവർ മുൾമുനയിലാണ്. 830 അടി ഉയരമുള്ള ജോഗ് വെള്ളച്ചാട്ടം ഒഴുക്കിനെതിരെ കയറുന്നതിലൂടെയും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അയാളുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു സിനിമ ഉണ്ടായതായി കേട്ടിട്ടുണ്ട്, കൃത്യമായി അറിയില്ല. മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

🔶ചന്ത്രവള്ളി എന്ന ചരിത്രാതീതകാല സ്ഥലം
സിറ്റിയിൽ നിന്നും ഏകദേശം 4 കിലോമീറ്റർ അകലെ അതിപുരാതന ശേഷിപ്പുകളുടെ സൈറ്റാണ് ചന്ത്രവല്ലി/ചന്ദ്രവള്ളി. ഇവിടെ നടന്ന ഖനനങ്ങളിൽ വിജയനഗരം, ശതവാഹന (an ancient Indian dynasty) ഹൊയ്‌സാലർ തുടങ്ങിയ ഇന്ത്യൻ രാജവംശങ്ങളുടെ മൺപാത്രങ്ങൾ, പെയിന്റ് ചെയ്ത പാത്രങ്ങൾ, നാണയങ്ങൾ, റോമൻ ചക്രവർത്തിയായ അഗസ്റ്റസ് സീസറിന്റെ മുദ്രണമുള്ള നാണയം ബിസി രണ്ടാം നൂറ്റാണ്ടിലെ ചൈനീസ് ഹാൻ രാജവംശ ചക്രവർത്തിയായ വു ടി (Wu ti ) യുടെ ഒരു നാണയം എന്നിവ കണ്ടെത്തിയിട്ടുണ്ട്. ചന്ദ്രവല്ലി ഒരു അതിപുരാതനകാല പുരാവസ്തു കേന്ദ്രമാണ്. ചരിത്രാതീത കാലത്തെയും ശതവാഹന കാലഘട്ടത്തെയും സൂചിപ്പിക്കുന്ന ആലേഖങ്ങളുള്ള മൺപാത്രങ്ങളും നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇരുമ്പുയുഗത്തിൽ മനുഷ്യവാസം നിലനിന്നിരുന്നുവെന്നും അനുമാനിക്കുന്നു.
🔶ചന്ത്രവളളി ഗുഹകൾ
ചന്ദ്രവള്ളിയിലെ പ്രധാന ആകർഷണം ആഴമേറിയ ഈ ഗുഹയാണ്. പ്രധാന സൈറ്റിൻ്റെ ഭൂപരപ്പിൽ നിന്നും ഏകദേശം 80 അടി താഴേയ്ക്ക് പോകുന്ന ഗുഹാ വഴികൾ.. ഉള്ളിൽ നിരവധി അറകൾ, ചെറിയ ഹാളുകൾ, ആലേഖനങ്ങൾ… വായു സഞ്ചാരത്തിന് അന്നത്തെ നിവാസികൾ ക്രമപ്പെടുത്തിയ സംവിധാനങ്ങൾ. കഠിനമായ ഇരുട്ടും, അജ്ഞാതമായ ഉൾവഴികളും ഉള്ളതിനാൽ തീവ്രമായ വെളിച്ചത്തിൻ്റെ സഹായത്തോടെയെ ഇറങ്ങാൻ കഴിയൂ… ഗൈഡിൻ്റെ സഹായവും വേണം. പല പ്രാവശ്യം ഇതിൽ ഇറങ്ങാൻ അവസരം ലഭിച്ചിട്ടുണ്ട്.
🔶ജോഗിമട്ടി എന്ന വനപ്രദേശവും മൃഗശാലയും
ഒരു ചെറിയ ഹിൽ സ്റ്റേഷനും വന സംരക്ഷണ കേന്ദ്രവുമാണ് ജോഗിമട്ടി. ഏകദേശം 39 ചതുരശ്ര മൈൽ വിസ്തൃതിയുള്ള ഈ റിസർവ് ഫോറസ്റ്റ് ചിത്രദുർഗ നഗരത്തിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ്.
സഞ്ചാരികളെ താമസിപ്പിക്കാൻ ബ്രിട്ടീഷുകാർ നിർമ്മിച്ച ഒരു നൂറ്റാണ്ട് പഴക്കമുള്ള കുന്നിൻ മുകളിലുള്ള ബംഗ്ലാവും, സമീപത്ത് 155 പടികൾ ഉള്ള ഒരു ക്ഷേത്രവുമുണ്ട്. ആടുമല്ലേശ്വർ എന്ന പേരിൽ ചെറിയ മൃഗശാലയും, ഒരു ഇക്കോടൂറിസം സാഹസിക കേന്ദ്രവും റിസർവിൽ ഉണ്ട്. ചിത്രദുർഗയിലെ മറ്റൊരു ആകർഷണം സിറ്റിയുടെ പരിസരത്തെ മലമുകളിലും മറ്റിടങ്ങളിലും കാണുന്ന വൈദ്യുതി ഉൽപാദിപ്പിക്കുന്ന കാറ്റാടി പാഠങ്ങളാണ്. ( ഇവിടെ ജോലി സംബന്ധിച്ച് 3 വർഷത്തോളം താമസിച്ചിരുന്നു.. അതുകൊണ്ട് തന്നെ ഈ കർണാടക ജില്ലയെ അടുത്തറിയാനും ഇവിടുത്തെ ചരിത്ര, ചരിത്രാതീതകാല ശേഷിപ്പുകളെ കാണാനും മനസ്സിലാക്കാനും കഴിഞ്ഞു.. )
✍️തോമസ് കുര്യൻ

#chithradug #fort #rockgarden #jogimati #chandravalli #