മധ്യവേനലവധി: സഞ്ചാരികളുടെ തിരക്കിലമർന്ന് കമ്പത്തെ മുന്തിരിപ്പാടങ്ങൾ

മധ്യവേനലവധി തുടങ്ങിയതോടെ സഞ്ചാരികളുടെ തിരക്കിലമർന്ന് തമിഴ്‌നാട് കമ്പത്തെ മുന്തിരിപ്പാടങ്ങൾ. ഒരുവശത്ത് പച്ച മുന്തിരി മറുഭാഗത്ത് പഴുത്തു തുടുത്ത മുന്തിരി കുലകൾ, ചില ഭാഗത്ത് കൃഷിയുടെ തുടക്കം. മുന്തിരിക്കൊപ്പം മറ്റ് കാഴ്ചകളും വിനോദങ്ങളും കൊണ്ട് കാണികൾക്ക് കൗതുകം നിറയ്ക്കുകയാണ് മുന്തിരിപ്പാടങ്ങൾ.

വർഷത്തിൽ നാല് തവണയാണ് മുന്തിരിയുടെ വിളവെടുപ്പ്

വിളവെടുപ്പ് കാലങ്ങളിൽ മാത്രമല്ല ഏത് ദിവസം ചെന്നാലും സഞ്ചാരികൾക്ക് പഴുത്തു തുടുത്ത മുന്തിരി കുലകൾ കാണാനാവുന്ന തരത്തിലാണ് കമ്പത്തെ മുന്തിരി പാടങ്ങളിലെ കൃഷി. വർഷത്തിൽ നാല് തവണയാണ് മുന്തിരിയുടെ വിളവെടുപ്പ്. പ്രധാന വിളവെടുപ്പ് ഒക്ടോബർ മുതൽ ഡിസംബർ വരെ. എന്നാൽ, കമ്പത്തെ മുന്തിരി പാടങ്ങളിൽ എപ്പോഴെത്തിയാലും മുന്തിരി കൃഷിയുടെ കാഴ്ചകൾ ആസ്വദിക്കാമെന്നതാണ് മലയാളികളെ ആകർഷിക്കുന്നത്.

ഗ്രാമീണ തനത് കാർഷിക രീതികൾ ടൂറിസവുമായി കോർത്തിണക്കി കൊണ്ടുപോകുന്നതിന്റെ മികച്ച ഉദാഹരണമാണ് കമ്പത്തെ മുന്തിരിപ്പാടങ്ങൾ. കുടുംബസമേതം വനോദത്തിന് എത്തുന്നവരെ ഏറെ ആകർഷിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങൾ. ഇടുക്കിയുടെ സൗന്ദര്യം നുകരാനെത്തുന്ന വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികൾ തമിഴ്നാട്ടിലെ മുന്തിരിപ്പാടവും സന്ദർശിച്ചാണ് മടങ്ങുക.

കാഴ്ചകൾ ആസ്വദിക്കാം; മുന്തിരി വാങ്ങിക്കാം

മുന്തിരിപ്പാടങ്ങളുടെ കാഴ്ചകൾ തേടി കമ്പത്തേക്ക് എത്തുന്ന സഞ്ചാരികളിൽ ഏറിയ പങ്കും മലയാളികളാണ്. കേരള അതിർത്തി പട്ടണമായ കമ്പത്തോട് ചേർന്ന് കിടക്കുന്ന ഗൂഡല്ലൂരും ചുരുളിപെട്ടിയും, കെ.കെ.പെട്ടിയും, തേവർ പെട്ടിയുമൊക്കെ മുന്തിരി കൃഷിക്ക് ഏറെ പ്രശസ്തമാണ്. കിലോ മിറ്ററുകളോളം ദൂരത്തിൽ മനോഹരമാംവിധം പന്തൽ വിരിച്ച് നിർത്തിയിരിക്കുന്ന മുന്തിരി തോപ്പുകളുടെ കാഴ്ചയാണ് എങ്ങും. മുന്തിരിതോപ്പുകളുടെ കാഴ്ച ആസ്വദിക്കുന്നതിനൊപ്പം, മുന്തിരി വാങ്ങുന്നതിനും തോട്ടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *