‘ ധോളവീര’ ഒരു ഹാരപ്പൻ നഗരം

ബറേലിയിൽ നിന്ന് ഗുജറാത്തിലെ ഭുജ് വരെ പോകുന്ന, ബി ഭുജ് എക്സ്പ്രസ്സിൽ
സമഖ്യാലിയിലേക്കാണ് ഇനി യാത്ര തിരിക്കുന്നത്. സമഖ്യാലി റയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങി റെയിൽവേയ്ക്ക് പുറത്തു കടന്നു. പല ഭാഗത്തേക്കായി പോകുന്ന ഷെയർ ടാക്സിക്കാരുടെ പിടിവലിയാണ് പുറത്ത് നടക്കുന്നത്. രാപ്പാർ….രാപ്പാർ എന്ന് വിളിച്ചു കൂവുന്ന ഒരു ടാക്സിക്കാരന്റെ അടുത്ത് ചെന്നു, എനിക്കിനി എത്തിപ്പെടേണ്ടത് രാപ്പാറിലേക്കാണ്.

സ്റ്റേഷൻ പരിസത്ത് തിങ്ങി നിറഞ്ഞിരുന്ന ഷെയർ ടാക്സികളിൽ പലതും പല ഭാഗങ്ങളിലേക്കായി ആളെ കയറ്റി ഇതിനോടകം സ്ഥലം വിട്ടിരിക്കുന്നു . രാപ്പാറിലേക്കിനി ഞാനും ഒരു ഗുജറാത്തി ദീദിയും അവരുടെ മകനും മാത്രമാണ് അവശേഷിക്കുന്നത്, ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ വണ്ടി എടുത്തു, യാത്ര രാപ്പാർ ബസ്റ്റാന്റിലെത്തി. അന്വേഷണ ബൂത്തിൽ ചെന്ന് കദിർ ബേട്ടിലേക്കുള്ള ബസ് സമയം അന്വേഷിച്ചു, ഉച്ചയ്ക്ക് ഒരു മണിക്കും മൂന്നു മണിക്കും എന്നിങ്ങനെ രണ്ട് ട്രാൻസ്‌പോർട് ബസുകൾ മാത്രമാണ് ദിനേനെ സർവീസ് നടത്തുന്നത്.
നാമ മാത്രമായ ബസ് റൂട്ടും ഒരു റിമോട്ട് ഏരിയും ആണെന്ന് പണ്ട് ഇവിടം സന്ദർശിച്ച സക്കീർ മാഷിന്റെ അനുഭവത്തിൽ അറിയാമായിരുന്നത് കൊണ്ട് രണ്ടു ദിവസം കൂടെ അധികം പ്ലാനിട്ടായിരുന്നു ഇങ്ങോട്ട് യാത്ര തിരിച്ചത്.
ബസ്റ്റാന്റിന്റെ ഇടത് വശം മുന്നൂർ മീറ്റർ മാറി ഒരു പ്രൈവറ്റ് മിനി ബസ് തത്കാലികമായി സർവീസ് നടത്തുന്ന ഒരു സമയമായത് കൊണ്ട് എന്റെ ഭാഗ്യമെന്നോണം ആ ബസിൽ ആൾ തികയാതെ അതവിടെ കിടപ്പുണ്ടായിരുന്നു. ആൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും കൃത്യം പത്തുമണിക്ക് ഈ വണ്ടി രാപ്പാർ വിട്ടിരിക്കും.

തൊട്ടടുത്ത സീറ്റിൽ സഹയാത്രികനായ് കിട്ടിയത് ഏകദേശം അമ്പതിനോട് അടുത്ത് പ്രായമുള്ള കദിർബെട്ടിലെ നെരഞ്ജി സാബ്. തന്റെ ഗ്രാമത്തിലേക്കുള്ള കച്ചവട സാമഗ്രഹികളുമായിട്ടാണ് പുള്ളി ബസ്സിൽ കയറിയിട്ടുള്ളത്. പൊതുവെ ഈ ഭാഗത്തോട്ടുള്ള ആളുകൾ അവരുടെ കച്ച് ഭാഷയാണ് സംസാരിക്കുന്നത്… പുള്ളി എന്തൊക്കയോ എന്നോട് ചോദിക്കുന്നുണ്ട്, അവരുടെ ഭാഷയിലായത് കൊണ്ട് എനിക്കതൊന്നും മനസ്സിലായതില്ല. പതിയെ ഞാൻ പുറംകാഴ്ച്ചകളിലേക്ക് നോക്കിയിരുന്നു…..അങ്ങിനെ ബസ് ബാലസർ എത്തി. രാപ്പാർ വിട്ടുകഴിഞ്ഞാൽ അത്യാവശ്യം ആൾപാർപ്പുള്ള സ്ഥലമാണ്
ബാലസർ, അതു കഴിഞ്ഞു ലോദർണി, വെർസർ. എന്റെ മട്ടും ഭാവവും നിരീക്ഷിച്ച പുള്ളിക്ക് ഏകദേശ ധാരണ കിട്ടിക്കാണുമെന്ന് തോന്നുന്നു… പതിയെ എനിക്ക് മനസ്സിലാകുന്ന രീതിയിൽ ഹിന്ദിയിൽ സംസാരിക്കാൻ തുടങ്ങി…
നന്നായി ഹിന്ദി അറിയാം അവർക്ക്
സംസാരിച്ചു തുടങ്ങിയപ്പോൾ എന്റേത് അരമുറി ഹിന്ദിയാകാൻ തുടങ്ങി… എങ്ങനൊക്കെയോ ഒരു വിധം ആളുടെ അടുത്ത് പിടിച്ചു നിന്നു.

വെർസർ കഴിഞ്ഞു കുറച്ചു ദൂരം പിന്നിട്ടു കഴിഞ്ഞാൽ ഉപ്പ് മരുഭൂമി പ്രത്യക്ഷപ്പെട്ടു തുടങ്ങും….. ഈ ഉപ്പ് മരുഭൂമിയിലൂടെ കിലോമീറ്ററുകൾ ദൂരം സഞ്ചരിക്കുമ്പോൾ ഇരു വശവും കച്ച് താടാകം ഉൾവലിഞ്ഞു ഉപ്പ് പാടങ്ങൾ നോക്കെത്താ ദൂരത്തേക്ക് പോയി മറഞ്ഞിട്ടുണ്ട്.
കച്ച് ഉൾക്കടലിൽ നിന്നും കയറി വരുന്ന വെള്ളം കൊണ്ട് ഉപ്പുണ്ടാകുന്ന പ്രഥലങ്ങളാണ് തരിശു ഭൂമിപോലെ ഇപ്പോൾ കാലിയായി കിടക്കുന്നത്.

ഏകദേശം കച്ച് താടാകത്തിന്റെ വടക്ക് കിഴക്ക് വശത്തിലൂടെയാണ് കദിർ ബേട്ട് എന്ന കച്ച് താടാകത്തിലെ ആ വലിയ തുരുത്തിലേക്ക് പതിയെ വണ്ടി പ്രവേശിച്ചു.. ആദ്യം ചെന്നെത്തുന്ന അമരാപർ കഴിഞു ഇനിയും 30 കിലോമീറ്റർ കൂടെ യാത്രാ ദൂരെമുണ്ട് ലക്ഷ്യസ്ഥാനത്തേക്ക്. എന്റെ ആഗമാന ഉദ്ദേശവും ജോലിയും മറ്റും ചോദിച്ചറിഞ്ഞ നെരഞ്ജി സാബ് ഇതിനോടകം നല്ല കമ്പനിയായി മാറിയിട്ടുണ്ട്
1993 ൽ നമ്മുടെ കൊച്ചിയിൽ ഒരു തവണ പുള്ളിയുടെ ഹാൻഡ് ക്രാഫ്റ്റുമായിട്ട് ഒരു മേളക്ക് വന്ന കഥകളൊക്കെ പറഞ്ഞു തന്നു, കച്ച്കാരുടെ കരകൗശല വസ്തു നിർമ്മാണവും നെയ്യ്തുമെല്ലാം എനിക്കൊരു പുതിയ അറിവായിരുന്നു, രസകരമായ ആ കഥയും ബസ്സിലെ മറ്റു യാത്രികരുടെ തനത് കച്ചി വസ്ത്രധാരണയും അവരവരുടെ ഗ്രാമങ്ങളിലേക്കുള്ള പാലും പത്രവും എന്നു വേണ്ട എല്ലാ കച്ചവട സാമാഗ്രഹികളും വഹിച്ചു, കൂടാതെ അവരുടെ വളർത്തു മൃഗങ്ങളേയുമെല്ലാം കുത്തി നിറച്ചു കൊണ്ട് പോകുന്ന ഒരു ബസ് യാത്ര പ്രത്യേക അനുഭവവും മനോഹരവുമാണ്.

തണുത്ത ഉപ്പുകാറ്റേറ്റ് ആടിയുലഞ് ബസ് പതിയെ കച്ച് ഉൾക്കടലിലെ ഏറ്റവും പ്രധാനപ്പെട്ട ആ തുരുത്തിലെ അതിലേറെ പ്രാധാന്യമുള്ള ആ ഗ്രാമത്തിൽ ചെന്നു നിന്നു. ഇവിടെ നിന്നും ആ നഗരം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് കഷ്ടി രണ്ട് കിലോമീറ്റർ ദൂരംകൂടി നടക്കേണ്ടതുണ്ട്.

ഒരു ബോട്ടിൽ വെള്ളം വാങ്ങിച്ചു ധോളവീര എന്ന പുരാതന നഗരത്തിലേക്ക് നടപ്പ് തുടങ്ങി…
പുറത്ത് നല്ല വെയിലുണ്ട്, അതിലേറെ കച്ച് താടാകത്തിൽ നിന്നു വീശുന്ന തണുത്ത കാറ്റും, ഒരു തരം തണുപ്പ്…സഹിക്കുന്നില്ല.

ഇതിനിടെ ബൈക്കിൽ കടന്നു പോകുന്ന രണ്ടു പേര് ബൈക്ക് നിറുത്തികൊണ്ട് കൊട്ടഡ ബേട്ട എന്നൊക്കെ എന്നോട് ചോദിക്കുന്നുണ്ട് . അതൊന്നും കേട്ട ഭാവം വെക്കാതെ മുന്നോട്ട് തന്നെ നടന്നു, അവസാനം ആ പുരാതന നഗരത്തിന്റെ മുമ്പിലെത്തി.

പിന്നീടാണ് മനസ്സിലായത് കൊട്ടഡ ബേട്ട എന്ന് മുമ്പ് ബൈക്കിൽ പോയവർ ചോദിച്ചത് എനിക്ക് ലിഫ്റ്റ് തരാനായിരുന്നെന്ന്. ആ രണ്ടു പേരും ദേ ഇവിടെ നിൽക്കുന്നുണ്ട്. അവരിവിടുത്തെ ഗൈഡ് ആയി ജോലി ചെയ്യുന്നവർ ആണ്. തകർന്നു കിടക്കുന്ന ഈ നഗരത്തെ ഇവിടുത്തുകാർ വിളിക്കുന്ന പേരാണെത്രെ കൊട്ടഡ ബേട്ട എന്നത്. ഇതറിയാമായിരുന്നെങ്കിൽ ആ രണ്ട് കിലോമീറ്റർ നടത്തമെങ്കിലും ലാഭിക്കമായിരുന്നു.

” സൈന്ധവ നാഗരികതയിലെ എണ്ണം പറഞ്ഞ അഞ്ച് പട്ടണങ്ങളിൽ ഒന്നാണ് ധോളവീര ” എന്നത്.
ഏകദേശം 4500 വർഷങ്ങൾക്ക് മുമ്പ് അതായത്, BCE 2650 നും 1450 നും ഇടയിൽ തഴച്ചുവളർന്നിരുന്നതും ഏറ്റവും വികസിത നഗരങ്ങളിലൊന്നായിരുന്നു ഹാരപ്പൻ പ്രദേശമായിരുന്ന ധോളവീര. സിന്ധു നദിയും അതിന്റെ പോഷക നദികളുടെയും ഓരത്തായി നിലനിന്നിരുന്ന ഹാരപ്പൻ നഗരം സിന്ധു നദീതട സംസ്കാരവുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്നതും എന്നാൽ ആദ്യമായി കണ്ടെത്തിയ പട്ടണവും ഇതായിരുന്നതിനാൽ ഇതിനെ ഹാരപ്പൻ പട്ടണമെന്ന് വിളിക്കുന്നത്. സിന്ധു നദീതട സംസ്കാരം എന്നും ഇതിനെ വിളിക്കാം .
ധോളവീര ഉൾപ്പെടുന്ന സൈന്ധവ സംസ്കാരം ( idus civilization ) ഒരു വെങ്കല യുഗ സംസ്കാരമാണ്. ഗേറ്റ് കടന്ന് വലതു വശത്തായിട്ട് ഒരു മ്യുസിയം നിലനിൽക്കുന്നുണ്ട് മ്യുസിയത്തിനകത്തെ കാഴ്ച്ചകൾ കാണാനാണ് ആദ്യം പോയത്. ടിക്കറ്റ് ഒന്നും എടുക്കേണ്ടതില്ല. പ്രവേശനം ഫ്രീ ആണ് ഇതിനകത്ത്. ധോളവീരയിൽ നിന്ന് ( ecxavation ) ഉത്ഖനനം നടത്തി കിട്ടിയ ആ നാഗരികതയിലെ മൺപാത്രങ്ങളും അവർ ഉപയോഗിച്ച ആയുധങ്ങളും സീലുകളും,ആഭരണങ്ങളും,കളിപ്പാട്ടങ്ങളും, കല്ലുകളും, മുത്തുകളും, എന്നു വേണ്ട ആ കാലഘട്ടത്തിലെ ശേഷിപ്പുകളിൽ ചിലതെല്ലാം മ്യുസിയത്തിനകത്തുണ്ട്. കൂടാതെ ചെറിയ ഫോട്ടോ ഗ്യാലറിയും വീഡിയോ അവതരണവുമെല്ലാം കണ്ടു തീർക്കുമ്പോൾ ഹാരപ്പൻ നഗരത്തിന്റെ ഒരേകദേശ ചിത്രം മനസ്സിൽ പതിഞു കഴിഞ്ഞിരുന്നു.

ജെപി ജോഷി എന്ന പുരാവസ്തു ഗവേഷകനാണ് ഈ സ്ഥലം ആദ്യമായി കണ്ടെത്തിയത്…. തുടർന്ന് 1989 മുതൽ ആർ എസ് ബിഷ്ട് എന്ന ഗവേഷകന്റെ നേതൃത്വത്തിൽ ഉത്ഖനനം സജീവമായി നടന്നു..അടുത്ത കാലത്തായി പര്യവേഷണം നടന്നു കൊണ്ടിരിക്കുന്ന പ്രദേശമായതിനാൽ ഉത്ഖനനത്തിൽ പങ്കെടുക്കുന്നവരിൽ ഒരു ഭാഗം ഈ പ്രദേശത്തെ ഗ്രാമീണരിൽ പെട്ടവരുമുണ്ട്. മുൻപ് സൂചിപ്പിച്ച ഗൈഡുമാർ അവരിൽ പെട്ടവരാണ്.

ഒരു പുരാവസ്തു സ്ഥലമായതിനാൽ ഹാരപ്പൻ ജീവിത ശൈലിയുടെയും വാസ്തുവിദ്യയുടെയും വ്യക്തമായ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന 120 ഏക്കറിലായി പടർന്നു കിടക്കുന്ന പട്ടണ അവശിഷ്ടങ്ങളുടെ ഉൽഖനനം പകുതിയോളം ആയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. 120ലും 102 എന്തോ തുടങ്ങിവെച്ചിട്ടെ ഒള്ളൂ, ഇനിയും കണ്ടെത്താൻ ഒത്തിരി ബാക്കി കിടപ്പുണ്ട്.

മ്യുസിയം കണ്ടു തീർത്തു നേരെ ഉൽഖനനം നടത്തിയ സ്ഥലത്തേക്ക് നടന്നു. ചതുരത്തിൽ കെട്ടിപ്പൊക്കിയ കുളം പോലുള്ള രണ്ട് ജലസംഭരണികളാണ് ആദ്യം കാണുക. മൻസാർ, മൻഹർ, എന്നീ പ്രധാനപ്പെട്ട രണ്ട് ജലചാലുകൾ.

അതു കഴിഞ്ഞു നേരെ ഉയരമുള്ള സിറ്റാഡലിലേക്കു കയറിയാൽ അവിടെ പഴയ കൽത്തൂണിന്റെയൊക്കെ അവശിഷ്ടം ഇപ്പോഴും അവിടെതന്നെയുണ്ട്…. ഇനി അകത്തോട്ടു പോകുമ്പോഴാണ് യഥാർത്ഥ കാഴ്ചകൾ കാണാനുള്ളത്…. മൊബൈൽ വീഡിയോയും ഫോട്ടോയും എടുക്കാൻ ഇവിടെ അനുവദിക്കില്ല. ഇതുവരെ പകർത്തിയതൊക്കെ പേർസണൽ യൂസിങ്ന് മാത്രമാണെന്ന് പറഞ്ഞു ഒരു വിധം തടി തപ്പി…. ഇനി ഫോട്ടോ എടുക്കാൻ കഴിയാത്ത ഒരു വിഷമം ഉണ്ടെങ്കിലും,
ലോകത്തിലെ ആദ്യത്തെ നഗരത്തിനും ഒരു സംസ്കാരത്തിനും മുന്നിൽ നിന്ന് ഞാൻ നൂറ്റാണ്ടുകൾക്കിപ്പുറം ഇതൊക്കെ നേരിട്ട് കാണുമ്പോഴും അനുഭവിക്കുമ്പോഴും ഉള്ള ഒരു ഫീൽ ഉണ്ടല്ലോ. അത് മാത്രം മതി.
ആഗ്രഹിച്ചതും ഇത്രെയും ദൂരം യാത്ര ചെയ്തു വന്നതും കേവലം ഫോട്ടോയ്ക്ക് വേണ്ടിയായിരുന്നില്ലല്ലോ.

ഇവിടെ നിന്നാൽ അസംബ്ലി ഏരിയയും
ജലശുദ്ധീകരണ സംവിധാനങ്ങളും താഴെ ലോവർ ഡിവിഷൻ വരെയുള്ള ദൃശ്യങ്ങളും കാണാനാകും.. ലോവർ ഡിവിഷനിലേക്ക് ഇറങ്ങുന്നതിനോട് ചേർന്ന് വലിയൊരു തണൽ മരം ഉണ്ട്, അവിടെ ചെന്നിരുന്ന് മിഡിൽ ടൗണിനെ കണ്ടിരിക്കാൻ മനോഹരമാണ്.. ഞാനേറ്റവും കൂടുതൽ ആസ്വദിച്ച ഫ്രെയിമും ഇവിടെയായിരുന്നു. കുറച്ചു സമയം അവിടെ വിശ്രമിച്ചു ശേഷം ലോവർ ടൗണിലേക്കും ഓപ്പൺ ഗ്രൗണ്ടിലേക്കും ഇറങ്ങി ചെന്നു. ഉൽഖനനം നടത്തി കിട്ടിയ കല്ലുകൾ വേറെ ഒരു ഭാഗത്ത്‌ അടുക്കി വെച്ചിരിക്കുന്നതായി കാണാം…

മറ്റു സൈഡവ നഗരങ്ങളിൽ നിന്ന് ഹാരപ്പയെ വേറിട്ടു നിർത്തുന്നത് പ്രകൃതമായ ഇവിടുത്തെ കല്ലുകൾ ഉപയോഗിച്ച് കൊണ്ട് നിർമിച്ച നഗരവും, സൈൻ ബോർഡുകളും,കോട്ടമതിലും, ജലസേചനവും, മൂന്ന് രീതിയിലുള്ള വസ്തുവിദ്യയുമെല്ലാമാണ്.

സാധാരണ ഒരു ടൂറിസ്റ്റ് സ്ഥലം കണ്ടു തീർക്കുന്ന പോലെ ഓടിച്ചിട്ട്‌ പോവാനുള്ള ഒരു സ്ഥലമല്ലിത്. ഇവിടുത്തെ ഓരോ കല്ലിനും, മണ്ണിനും 5000 വർഷങ്ങളുടെ ചരിത്രം പറയാനുണ്ടാകും. പ്രതേകിച്ചു വരണ്ട പ്രദേശമായ കച്ച് ഉൾക്കടലിനെ കീറി മുറിക്കുന്ന ഒരു സംസ്കാരത്തെ കുറിച്ച് പറയാനുണ്ടാവും. ഇവിടെ നമ്മളൊരു സന്ദർശകൻ മാത്രമല്ല ഒരു ചരിത്ര വിദ്യാർത്ഥിയും ഒരു ഗവേഷകനും കൂടിയാവണം… എങ്കിലെ അതുൾകൊള്ളാൻ നമുക്കാവൂ. അല്ലാത്തപക്ഷം ഇതൊക്കെ നമുക്ക് വെറും പാഴ് കല്ലുകൾ മാത്രമാകും.

നേരം ഇരുട്ടി വരുന്നുണ്ട് പോരാത്തതിന് നല്ല തണുപ്പും പതിയെ ഹാരപ്പൻ നഗരത്തോട് വിടപറഞ്ഞു മൂന്നോ നാലോ വീടുകൾ മാത്രമുള്ള ആ ഗ്രാമത്തിലേക്ക് നടന്നു ..തനതു കച്ച് രീതിയിൽ നിർമിച്ചിട്ടുള്ള വീടുകളാണ് അവയെല്ലാം. ഒരു ദിവസവും കൂടി ഈ ഗ്രാമത്തിൽ തങ്ങി അതൊക്കെ ഒന്ന് അനുഭവിക്കേണ്ടതുണ്ട്.

പടിഞ്ഞാറ് അസ്തമിക്കേണ്ട സൂര്യനെ ഒരു നോക്ക് കാണണമെന്നുണ്ടായിരുന്നു ഗ്രാമത്തിന് അകത്തു കയറിയപ്പോൾ അതെല്ലാം മറന്നു പോയി.
കച്ച് കടലിടുക്കിൽ പോയി മറഞ്ഞ സൂര്യന്റെ കുങ്കുമച്ചായയിൽ മുങ്ങിയ ഗ്രാമത്തിലേക്ക് കച്ച് ഭാഗങ്ങളിൽ മേയുന്ന വലിയ കൊമ്പുള്ള അവിടുത്തെ മാത്രം പ്രത്യേകതയുള്ള പശുക്കൾ സന്ധ്യ മയങ്ങുന്ന സമയത്ത് കൂട്ടത്തോടെ ഈ ഗ്രാമത്തിലേക്ക് കടന്നു വരും.
ഇടയ്ക്കിടെ അവയെ ഗ്രാമത്തിന് പുറത്തേക്ക് തെളിച്ചു വിടുന്നുണ്ട് ഇവിടുത്തെ ദീദി. ഈ പശുക്കൾക്ക് ഒരു പ്രത്യേകതയുണ്ട് അവ വരുന്ന വഴിൽ എന്തുണ്ടെങ്കിലും അവയ്ക്ക് അതൊരു വിഷയമേ അല്ല, അതൊക്കെ ചവിട്ടി മെതിച്ചു അവരങ്ങനെ കടന്നു കളയും.

ഈ ഗ്രാമത്തിന് അകത്തു നല്ല കൃഷിയിടങ്ങളുണ്ട് പ്രത്യേകിച്ച് പൂത്തുനിൽക്കുന്ന കടുക് പാടങ്ങൾ, പശുക്കൾ, ആടുകൾ അങ്ങിനെ ഒത്തിരി ഒത്തിരി കാഴ്ചകൾ …..
ഈയൊരു സമൂഹവുമായി അടുത്ത് ഇടപഴകാൻ കിട്ടുന്ന ഒരവസരം.
അതൊരിക്കലെ അവർ ഓഫർ ചെയ്യൂ. വേണ്ടെന്നു വെച്ചാൽ പിന്നീട് കിട്ടില്ല. മനസ്സിലാക്കിയടത്തോളം ഇവിടുത്തെ ആളുകൾ നല്ല സഹായമനസ്കരാണ് അവരൊരിക്കൽ മാത്രമേ അവരുടെ ഉദാരമനസ്കത മുന്നോട്ട് നീട്ടുകയൊള്ളൂ ആ സമയത്ത് അത് വേണ്ടെന്നു വെച്ചാൽ പിന്നീടത് കിട്ടത്തില്ല. അത് കൊണ്ട് തന്നെയാണ് ഞാൻ ആ ഓഫർ നിഷേധിക്കാതിരുന്നത്.

ദോളവീരക്ക് അടുത്ത് കിടക്കുന്ന ഒത്തിരി കാഴ്ചകൾ വേറെയുമുണ്ട്,
പക്ഷി നിരീക്ഷകരുടെ സമൃദ്ധമായ ഒരിടമാണ് ദോളവീരയുടെ മേച്ചിൽപ്പുറങ്ങളിൽ ദേശാടനകാലത്ത് ലോകത്തിലെ അപൂർവയിനം ദേശാടനപക്ഷികൾ ഇവിടേക്ക് ഒഴുകിയെത്താറുണ്ട്.
വെളുത്ത ഉപ്പ് നിറഞ്ഞ മൂൺലാൻഡ് തീരം. ഫോസിൽ പാർക്ക്. കദിർ ബെറ്റ് എഡ്ജ് പോയിന്‍റെ തുടങ്ങിയവയൊക്കെ ഇവിടുത്തെ പ്രധാന കാഴ്ചകളാണ്. ✍️ അബു വികെ.

#dholavira #kadirbet #moonland #fosilpark #kutch #gujarath #whitedesert #migratebirds #induscivilization #oldtownship #harappa #yathrainfo.com #yathraholidays

Leave a Reply

Your email address will not be published. Required fields are marked *