പ്രകൃതിയുടെ വരദാനമായ ആനക്കുളം ഇന്ന് സഞ്ചാരികളുടെ പറുദീസയാണ്. ഹൈറേഞ്ചിൽ എത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും കാട്ടാനകളെ നേരിട്ട് കാണാത്തവരാണ്. ഇവരുടെ ആഗ്രഹം സാധിക്കാൻ ആനക്കുളത്തെത്തിയാൽ മതി.
ഈറ്റ ചോലയാർ പുഴയുടെ ഈ ഭാഗത്തെ വെള്ളത്തിന് ഉപ്പുരസം ഉണ്ട്. പാറക്കെട്ടുകളിലൂടെ ഊർന്നിറങ്ങുന്ന വെള്ളത്തിൽ ധാതുക്കൾ അലിഞ്ഞുചേരുന്നതാണ് ഇതിന് കാരണമെന്ന് ഇവിടത്തുകാർ വിശ്വസിക്കുന്നു. ഈ പ്രത്യേക രുചിയാണ് ആനകളെ ഇവിടേക്ക് ആകർഷിക്കുന്നതെന്നും പഴമക്കാർ പറയുന്നു. അങ്ങനെയാണ് ഈ ഗ്രാമത്തിന് ആനക്കുളം എന്ന പേര് വന്നത്.
പ്രദേശത്ത് മറ്റ് ജലസ്രോതസ്സുകൾ ഉണ്ടെങ്കിലും ആനകൾ വെള്ളം കുടിക്കുന്നതിനായി സ്ഥിരമായി ഈ ഒരൊറ്റ കടവിൽ തന്നെയാണ് എത്തുന്നത്. 1912-മുതലാണ് ഇവിടേക്ക് ആനകൾ എത്തിത്തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്.
സംഘർഷമില്ലാത്ത ആനയും മനുഷ്യരും
ആനക്കുളം ടൗണിനോട് വളരെ അടുത്താണ് ഈ പുഴക്കടവ്. എന്നിരുന്നാലും ആനകൾ ജനവാസമേഖലയിലേക്ക് പ്രവേശിക്കാറില്ല. ആനകൾ വെള്ളം കുടിക്കാൻ എത്തുമ്പോൾ പ്രദേശത്തെ മൈതാനത്ത് കളിക്കുന്നവർ അത് നിർത്തി അവയ്ക്ക് അവസരം ഒരുക്കിക്കൊടുക്കും.
കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യംകൊണ്ടുതന്നെ ഇവിടത്തെ സാധാരണക്കാരുടെ ജീവിതനിലവാരം തന്നെ മാറി. ദിവസവും നൂറുകണക്കിന് സഞ്ചാരികൾ ഇവിടെ എത്തുന്നതിനാൽ കച്ചവടവും ഹോംസ്റ്റേ പോലെയുള്ള മറ്റ് വരുമാനമാർഗങ്ങളും മെച്ചപ്പെട്ടു. ആനകൾ കൂട്ടമായി വെള്ളം കുടിക്കുവാൻ എത്തുന്നത് പലപ്പോഴും വൈകീട്ട് നാലുമണിക്കു ശേഷമാണ്. പലപ്പോഴും ഇത് പുലർച്ചെവരെ തുടരും.
#anakkulam #kerala #wildelephent #mankulam #idukki #godsoncountry #yaythrainfo.com
