ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാൽകുളമേട് വ്യൂ പോയിന്റ് സന്ദർശകർക്കായി വീണ്ടും തുറക്കുന്നു. ഇതിനുള്ള നടപടി ഈ മാസം 10ന് മുൻപായി സ്വീകരിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കാട്ടാനകളുടെ പ്രധാന കേന്ദ്രം, സഞ്ചാരികൾക്ക് വേറിട്ട അനുഭവം
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3125 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം പച്ചപുതച്ച കുന്നുകൾക്കും താഴ്വരകൾക്കും മനോഹരമായ വെള്ളച്ചാട്ടത്തിനും പേരുകേട്ടതാണ്. കാട്ടാനകളുടെ പ്രധാന കേന്ദ്രമായ പാൽകുളമേട്ടിലേക്കുള്ള യാത്ര സഞ്ചാരികൾക്ക് വേറിട്ടൊരു അനുഭവമാകും.
അടിമാലി-ചെറുതോണി റൂട്ടിലെ ചുരുളിയിൽ നിന്നും പാൽകുളമേട്ടിലേക്ക് യാത്ര തിരിക്കാം. ചെറുതോണിയിൽ നിന്നും എട്ട് കിലോമീറ്റർ മാത്രമാണ് ചുരുളിയിലേക്കുള്ളത്. അവിടെ നിന്നും ആൽപ്പാറ വഴി മുന്നോട്ട് പോയാൽ മനോഹരമായ പാൽക്കുളമേട് വെള്ളച്ചാട്ടവും അതിന്റെ മുകളിലെ ഹൃദ്യമായ കാഴ്ചകളും ആസ്വദിക്കാൻ സാധിക്കും.