പെരിയാറിൽ ഇനി കുട്ടവഞ്ചിയിൽ കറങ്ങാം; പാണംകുഴി ഇക്കോ ടൂറിസം കേന്ദ്രം ഇനി വേറെ ലെവൽ

പെരുമ്പാവൂർ: പെരിയാറിലെ പാണംകുഴി ഇക്കോ ടൂറിസം കേന്ദ്രത്തിൽ കുട്ടവഞ്ചി സവാരി ഒരുങ്ങുന്നു. നാളെ രാവിലെ 11.30-ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വനംവകുപ്പിന്റെ അഭയാരണ്യം വനവികസന ഏജൻസി മുഖേന നടപ്പാക്കിയ വികസനപദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

10 കുട്ടവഞ്ചികൾ; നാലുപേർക്ക് 600 രൂപ

കനാൽ ഡിവിഷന്റെ ലൈസൻസുള്ള 10 കുട്ടവഞ്ചികളാണ് പാണംകുഴിയിലെ ഇക്കോ ടൂറിസം കേന്ദ്രത്തിൽ സന്ദർശകർക്ക് സഞ്ചാരത്തിനായി ഒരുക്കിയിട്ടുളളത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്‌സിൽനിന്ന് പരിശീലനം ലഭിച്ചവരായിരിക്കും കുട്ടവഞ്ചികൾ തുഴയുന്നത്. അരമണിക്കൂർ നാലുപേർക്ക് സഞ്ചരിക്കുന്നതിന് 600 രൂപയാണ് നിരക്ക്. 600 രൂപ ടിക്കറ്റെടുക്കുന്നവർക്ക് പാണംകുഴി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള 50 രൂപ പ്രവേശനഫീസ് ഉണ്ടാകില്ല.

ഇക്കോ ടൂറിസം കേന്ദ്രത്തിനുസമീപം വെമ്പൂരം തുരുത്തിന്റെ മനോഹാരിതകൂടി ആസ്വദിക്കാവുന്ന വിധമാണ് കുട്ടവഞ്ചി സവാരി. അഭയാരണ്യത്തിന് നാലുകിലോമീറ്റർ അകലെ പെരിയാറിന്റെ തീരമാണ് പാണംകുഴി ഇക്കോ ടൂറിസം കേന്ദ്രം. നൂറ്റാണ്ടുകൾ പ്രായമുളള കൂറ്റൻ മഹാഗണി മരങ്ങൾക്കിടയിലൂടെയുള്ള നടത്തവും പുഴയിൽ സുരക്ഷിതമായി കുളിക്കുന്നതിനുള്ള സൗകര്യവുമാണ് ഇതുവരെ ഇവിടെയുണ്ടായിരുന്ന ആകർഷണം.

കുട്ടവഞ്ചി സവാരികൂടിയാകുന്നതോടെ കൂടുതൽ സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷ. കോടനാട് കപ്രിക്കാടുള്ള അഭയാരണ്യത്തിൽനിന്ന് പാണിയേലി പോരിലേക്ക് പോകുന്ന വഴിയാണ് ഇക്കോ ടൂറിസം സെന്റർ സ്ഥിതി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *