” ജിം കോർബറ്റ് “ഏറ്റവും കൂടുതൽ കടുവകളുള്ള ദേശീയോദ്യാനം

മുവ്വായിരത്തി അറുന്നൂറിലധികം  കടുവകൾ വനങ്ങളിലായി വിഹരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കാട്ടു കടുവകളുടെ വാസസ്ഥലമാണ് ഇന്ത്യ. ലോകത്തിലെ മൊത്തം കാട്ടു കടുവകളുടെ 75% ത്തോളം വരുമിത്. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ കടുവകൾ ഇന്ത്യയിലുണ്ടെന്ന് സാരം.

ബംഗാൾ കടുവ

ഇന്ത്യയുടെ ദേശീയ മൃഗമാണ് ബംഗാൾ കടുവ. ധൈര്യം, ശക്തി, എന്നിവയെ പ്രതിനിധീകരിക്കുന്നത് കൊണ്ട് അഭിമാനത്തിന്റെയും പൈതൃകത്തിന്റെയും പ്രതീകമായ കടുവകളെ സംരക്ഷിക്കുന്നതിൽ ഇന്ത്യ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.

പൂർണ്ണവളർച്ചയെത്തിയ ഒരു ആൺ ബംഗാൾ കടുവയ്ക്ക് 250 കിലോഗ്രാമിൽ കൂടുതൽ ഭാരം ഉണ്ടാകും, അതേസമയം ഭാരക്കൂടുതലുള്ളത് സൈബീരിയൻ കടുവകൾക്ക് മാത്രമാണ്.  ഓരോ കടുവയ്ക്കും വ്യത്യസ്ത വരകളുടെ പാറ്റേൺ ഉണ്ട്, രണ്ട് കടുവകളും ഒരുപോലെ കാണപ്പെടുന്നില്ല, മനുഷ്യന്റെ വിരലടയാളങ്ങൾ പോലെ, കാട്ടിലെ വ്യക്തിഗത കടുവകളെ തിരിച്ചറിയാൻ ഗവേഷകരെ ഈ വരകളാണ് സഹായിക്കുന്നത്.  നദികളും തടാകങ്ങളും മികച്ച രീതിയിൽ നീന്തി കടക്കാനും നീന്തുന്നതിനിടയിൽ വേട്ടയാടാൻ പോലും ഇവയ്ക്ക് പ്രത്യേക കഴിവുകളുണ്ട്, പലപ്പോഴും ധാരാളം ജലസ്രോതസ്സുകളുള്ള പ്രദേശങ്ങളിലാണ് കടുവകളെ കാണാനിടയാവുക. 

കടുവകളെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി 1973 ൽ ഇന്ത്യൻ സർക്കാർ പ്രോജക്ട് ടൈഗർ ആരംഭിച്ചു. ഈ പദ്ധതിക്ക് കീഴിയിൽ ഡസൻ കണക്കിന് കടുവ സംരക്ഷണ കേന്ദ്രങ്ങൾ ഇന്ത്യയിൽ നിലവിൽ വന്നു, അവ കടുവകൾക്ക് സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്ന പ്രത്യേക സംരക്ഷിത പ്രദേശങ്ങളായി മാറി. 

ഏറ്റവും ഒടുവിലായി മധ്യപ്രദേശിലെ മാധവ് നാഷണൽ പാർക്കിനെ കൂടി ഉൾപ്പെടുത്തി  ഇന്ന് രാജ്യത്തുടനീളം ഏകദേശം 58 കടുവ സംരക്ഷണ കേന്ദ്രങ്ങളുണ്ട്. പ്രശസ്തമായ റിസർവുകളിൽ ജിം കോർബറ്റ് നാഷണൽ പാർക്ക് രൺതംബോർ, ബന്ദിപ്പൂർ, നാഗാർഹോള, പെരിയാർ, തടോബ അന്ധരി, പെഞ്ച്, കാസിരംഗ, മനാസ്, സരിസ്‌ക, പന്ന, മുതുമലൈ, ബാന്ധവ്ഗഡ്, കൻഹ, സുന്ദർബൻസ്, സത്പുര, സത്യമംഗലം, ദുദ്ധ….എന്നിങ്ങനെ ഉൾപ്പെടുന്ന ഈ റിസർവുകൾ കടുവകളെ സംരക്ഷിക്കുക മാത്രമല്ല, കാട്ടിൽ റോയൽ ബംഗാൾ കടുവയെ കാണാൻ വരുന്ന ആയിരക്കണക്കിന് വിനോദസഞ്ചാരികളെയും എല്ലാ വർഷവും ഇത്തരം ഉദ്യോനങ്ങൾ ആകർഷിക്കുന്നു.

ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് 

നരഭോജികളായ കടുവകളെയും പുലികളെയും വേട്ടയാടിയിരുന്ന വേട്ടക്കാരനിൽ നിന്ന് സംരക്ഷകനിലേക്ക് മാറിയ ജെയിംസ് കോർബെറ്റ് എന്ന ” ജിം കോർബെറ്റ് ” അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് 1957-ൽ ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഉദ്യാനത്തിന് ‘ജിം കോർബെറ്റ് നാഷണൽ പാർക്ക്’ എന്ന് പേരിട്ടത്.

രാംഗംഗ നദി ഒഴുകുന്ന ജിം കോർബെറ്റിലെ പുൽമേടുകളും ഇടതൂർന്ന വനങ്ങളും, മാനും കാട്ടുപന്നികളുടെയുമൊക്കെ വലിയ ശേഖരം ഉള്ളത് കൊണ്ട് കടുവകൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയാണ് ജിം കോർബറ്റ് ഒരുക്കുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകളുള്ള ദേശീയോദ്യാനമാണ് ഇന്ന് ജിം കോർബറ്റ്, നിലവിൽ 260 കടുവകളുമായി റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നു. കടുവകളുടെ എണ്ണം, സാന്ദ്രത, വിജയകരമായ വന്യജീവി സംരക്ഷണ ശ്രമങ്ങൾ എന്നിവയിലും ഈ റിസർവ് ഇന്ത്യയെ മുന്നിലെത്തിക്കുന്നു. ഒരു ചതുരശ്ര കിലോമീറ്ററിൽ ഏറ്റവും കൂടുതൽ കടുവകളുള്ളതും ഇവിടെയാണ്, 100 ചതുരശ്ര കിലോമീറ്ററിൽ 14-20 കടുവകൾ ജിം കോർബറ്റിന്റെ പ്രത്യേകതയാണ്.

ഇന്ത്യയിൽ കടുവകളുടെ എണ്ണം വർദ്ധിക്കുന്നു

പ്രോജക്ട് ടൈഗർ പോലുള്ള സംരക്ഷണ പദ്ധതികളും കർശനമായ വേട്ടയാടൽ വിരുദ്ധ നിയമങ്ങളും നടപ്പിലാക്കിയതോടെ, ഇന്ത്യയിൽ കടുവകളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. വാസ്തവത്തിൽ, കഴിഞ്ഞ ദശകത്തിൽ കടുവകളുടെ എണ്ണത്തിൽ സ്ഥിരമായ വർദ്ധനവ് കാണിക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണ്. വന്യജീവി സംരക്ഷണത്തിൽ ആഗോളതലത്തിൽ ഇത് ഒരു വിജയഗാഥയായി കണക്കാക്കപ്പെടുമ്പോഴും ഇന്ത്യ ഇപ്പോൾ കടുവ സംരക്ഷണത്തിൽ ലോകത്തിന് തന്നെ മാതൃകയാവുകയാണ്.

#Natinalpark #TigerReserve #Jimcorbetnationalpark #Bengal tiger #sundharban

Leave a Reply

Your email address will not be published. Required fields are marked *